top of page
atma books

പുതിയകാലത്തെ ഫ്രാന്‍സിസ്


''ഫ്രാന്‍സിസ് എന്ന പേര് വെറുമൊരു പേരിനെക്കാള്‍ ഉന്നതമാണ്. അത് സഭയ്ക്കുവേണ്ടിയുള്ള ദൈവപദ്ധതിയാണ്. സഭയെ പുനരുദ്ധരിക്കാന്‍ ദൈവം അയച്ച രണ്ടാമത്തെ ഫ്രാന്‍സിസാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.''

ലെയനോര്‍ഡോ ബോഫ്


അസ്സീസിയിലെ ഫ്രാന്‍സിസും അര്‍ജന്റീനയിലെ കര്‍ദിനാള്‍ ബെര്‍ഗോളിയോയും തമ്മില്‍ എന്താണ് ബന്ധം? അല്ലെങ്കില്‍ അവരെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്ന പ്രധാന ഘടകം എന്താണ്? സവിശേഷമായ ഒരു വിഷയവും അന്വേഷണവുമാണ് അത്.

2013 മാര്‍ച്ച് 13 ന് ആഗോള കത്തോലിക്കാസഭയ്ക്ക് പുതിയൊരു മാര്‍പാപ്പയെ ലഭിച്ചപ്പോള്‍ അതുവരെയുള്ള സഭയുടെ ചരിത്രം തിരുത്തി തന്റെ പേര് ഫ്രാന്‍സിസാണെന്ന് വ്യക്തമാക്കിയപ്പോള്‍ മുതല്‍ സഭാസ്‌നേഹികളായ ആളുകള്‍ ആ രണ്ടു വ്യക്തികളെയും തമ്മില്‍ ചേര്‍ത്തുനിര്‍ത്തി ഒരു അന്വേഷണം ആരംഭിച്ചിരുന്നു. എന്താണ് ഇവര്‍ക്കിടയില്‍ സജീവമായി നില്ക്കുന്നത്? എന്താണ് ഇവര്‍ക്കിടയിലെ ഏകാന്തപ്പൊരുത്തം? എങ്ങനെയാണ് ആഗോളകത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ അസ്സീസിയിലെ ഫ്രാന്‍സിസുമായി സാമ്യത്തിലാകുന്നത്?

ഇത്തരമൊരു അന്വേഷണവും താരതമ്യവും നടത്തുന്ന കൃതിയാണ് വിനായക് നിര്‍മ്മലിന്റെ ഫ്രാന്‍സിസ് അന്നും ഇന്നും. എന്നാല്‍ പരമ്പരാഗതമായ രീതിയില്‍ ചേരുംപടി ചേര്‍ക്കുന്ന വിധത്തിലുള്ള വിശേഷണങ്ങളോ ചേരുവകളോ കൊണ്ടല്ല ഗ്രന്ഥകാരന്‍ ഇവിടെ താരതമ്യം നടത്തുന്നത്. മറിച്ച് അസ്സീസിയിലെ ഫ്രാന്‍സിസിനെ അറിയാവുന്നവരുടെ മുമ്പിലേക്ക് വത്തിക്കാനിലെ ഫ്രാന്‍സിസിന്റെ ചെയ്തികളെയും വാക്കുകളെയും ജീവിതസമീപനങ്ങളെയും അവതരിപ്പിച്ചുകൊണ്ട് ഓരോ വായനക്കാരനും ഇവര്‍ തമ്മിലുള്ള സാമ്യങ്ങളെയും വൈജാത്യങ്ങളെയും സ്വയം കണ്ടെത്തട്ടെ എന്ന നിലപാടാണ് ഗ്രന്ഥകാരന്‍ പുലര്‍ത്തുന്നത്. ഒരുപക്ഷേ രണ്ടു ഫ്രാന്‍സിസുമാരെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വേറെയും പുസ്തകങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടാവാം. എന്നാല്‍ അതില്‍ നിന്ന് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത് മേല്‍പ്പറഞ്ഞ പ്രത്യേകത തന്നെയാണ്.

സഭയില്‍ തന്നെ വിശുദ്ധരായ അനേകം ഫ്രാന്‍സിസുമാരുള്ളപ്പോള്‍ ഏതു ഫ്രാന്‍സിസിന്റെ പേരാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന സന്ദേഹത്തിന് അസ്സീസിയിലെ ഫ്രാന്‍സിസ് എന്നാണ് കര്‍ദിനാള്‍ ബെര്‍ഗോളിയോ മറുപടി നല്കിയത്. അതൊരു വ്യക്തമായ നിലപാടായിരുന്നു. ജീവിതവീക്ഷണമായിരുന്നു. സഭയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ സഭയെ നവീകരിച്ച വ്യക്തിയായിരുന്നു അസ്സീസിയിലെ ഫ്രാന്‍സിസ്. സ്വയം മാറിക്കൊണ്ടും സ്വയം നവീകരിച്ചുകൊണ്ടുമായിരുന്നു ഫ്രാന്‍സിസ് അത്തരമൊരു വഴി വെട്ടിത്തുറന്നത്. വത്തിക്കാനിലെ ഫ്രാന്‍സിസ് ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ആത്മവിമര്‍ശനത്തിന്റെയും സ്വയം നവീകരണത്തിന്റെയും വഴിയെയാണ് പാപ്പയും നടന്നുകൊണ്ടിരിക്കുന്നത്.

അസ്സീസിയിലെ ഫ്രാന്‍സിസിന്റെ ജീവിതത്തെ ലാളിത്യം, കരുണ, പ്രകൃതി സ്‌നേഹം, ദാരിദ്ര്യം എന്നിങ്ങനെയുള്ള കളങ്ങളിലാണ് നമുക്കേറ്റവും എളുപ്പത്തില്‍ വര്‍ഗ്ഗീകരിക്കാന്‍ കഴിയുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയും സമാനമായ വഴിയിലൂടെയാണ് മുന്നോട്ടുപോകുന്നത്. കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചപ്പോഴും ലൗദാത്തോസി എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചപ്പോഴും ഏറ്റവും പുതിയ ചാക്രികലേഖനം 2020 ഒക്ടോബര്‍ മൂന്നിന് അസ്സിസീയിലെ ദേവാലയത്തില്‍, ഫ്രാന്‍സിസിന്റെ തിരുനാള്‍ ദിനത്തില്‍ പുറത്തിറക്കുമ്പോഴുമെല്ലാം ഇക്കാര്യമാണ് വ്യക്തമാകുന്നത്. മാത്രവുമല്ല ഫ്രാന്‍സിസിന്റെ സ്വാധീനത്തില്‍ നിന്ന് തന്നെ എല്ലാവരും സഹോദരങ്ങളാണ് എന്ന ആശയമാണ് ഈ ചാക്രികലേഖനവും അവതരിപ്പിക്കുന്നത്. ശീര്‍ഷകവും അതുതന്നെ. ഇങ്ങനെ സമസ്ത കാര്യങ്ങളിലും പുണ്യവാന്റെ ജീവിതത്തോടും ആത്മീയതയോടും ചാര്‍ച്ചപ്പെടാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ശ്രമിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

സഭയിലെ എല്ലാ മാര്‍പാപ്പമാരെയും അസ്സീസിയിലെ ഫ്രാന്‍സിസ് സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ആ സ്വാധീനം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ആവിഷ്‌കൃതമായിരിക്കുന്നത് ഇപ്പോഴത്തെ മാര്‍പാപ്പയിലാണ്.

ഫ്രാന്‍സിസിന്റെ മാര്‍പാപ്പക്കാലത്തിലെ ആദ്യവര്‍ഷങ്ങളെയും പ്രധാനപ്പെട്ട സംഭവവികാസങ്ങളെയും പ്രബോധനങ്ങളെയുമാണ് ഈ കൃതിയില്‍ ചേര്‍ത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സഭാപരമായി കൂടി ഈ കൃതിക്ക് പ്രാധാന്യമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയെ ആഴത്തില്‍ പഠിക്കാനും അപഗ്രഥന വിധേയമാക്കാനും ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു റഫറന്‍സ് ഗ്രന്ഥമായും ഫ്രാന്‍സിസ് അന്നും ഇന്നും മാറുന്നുണ്ട്. ലളിതവും സുന്ദരവുമായ ഭാഷ കൊണ്ട് ഹൃദയാനുഭവം പകര്‍ന്നുനല്കുന്ന കൃതികൂടിയാണ് ഫ്രാന്‍സിസ് അന്നും ഇന്നും.


13 views0 comments

Recent Posts

See All

August 19 : St. John Yudes : വിശുദ്ധ യൂഡ്‌സ് (1601-1680)

വിശുദ്ധ യൂഡ്‌സ് ഈശോയുടെ തിരുഹൃദയഭക്തിയുടെയും മാതാവിന്റെ വിമലഹൃദയഭക്തിയുടെയും പ്രചാരകനും രണ്ടു സന്യാസസഭകളുടെ സ്ഥാപകനുമാണ്. അദ്ദേഹം ഏ.ഡി....

Comments


bottom of page