വിനായക് നിര്‍മല്‍
ജോലിയുടെ തുടക്കത്തിലാണ്, കുറച്ചുകാലം കുട്ടികളുടെ ഒരു പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്തിരുന്നു. മാസികയ്ക്ക് പുറമെ അവിടെ നിന്ന് കുട്ടികള്‍ക്കുവേണ്ടി വിശുദ്ധരുടെ ജീവചരിത്രങ്ങള്‍ സചിത്രപരമ്പരയായി പുറത്തിറക്കാറുണ്ടായിരുന്നു. വലിയ ജീവചരിത്രങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി സംഗ്രഹിച്ച് അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ലളിതമായും സുന്ദരമായും എഴുതുന്ന ജോലിയായിരുന്നു എന്റേത്. അക്കാലത്താണ് ആദ്യമായി വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവചരിത്രം വായിക്കുന്നത്.
പീറ്റര്‍ ബര്‍ണാദിന്റെയും അസ്സീസിയിലെ മെത്രാന്റെയും മുമ്പാകെ ഫ്രാന്‍സിസ് വസ്ത്രങ്ങള്‍ പോലും ഊരിക്കൊടുത്ത് നഗ്‌നനായി നിന്നു എന്ന് ഞാനെഴുതിയതിനെ, സീനിയറായ സഹപ്രവര്‍ത്തകന്‍ നെടുകെയും കുറുകെയും വെട്ടിക്കളഞ്ഞിട്ട് എന്നോട് പറഞ്ഞത് നഗ്‌നനായി നിന്നു എന്നെഴുതരുത്, കുട്ടികള്‍ക്ക് വേണ്ടാത്ത ചിന്ത വരും എന്നായിരുന്നു. ഒരേ സമയം അത്ഭുതവും ഫലിതവുമായി തോന്നി എനിക്കത്.
തങ്ങള്‍ക്ക് വേണ്ടാത്തതിനെ ഒഴിവാക്കിയും ആവശ്യമുള്ളതിനെ കൂട്ടിച്ചേര്‍ത്തും പടച്ചുവിടുന്ന ജീവചരിത്രനിര്‍മ്മിതിയെക്കുറിച്ചുള്ള ആദ്യത്തെ ചിന്ത രൂപപ്പെട്ടത് അന്നായിരുന്നു. ജീവചരിത്രങ്ങളെല്ലാം സത്യം തന്നെയാണോ... എഴുതുന്ന ആളുടെ ആശയങ്ങളും വിയോജിപ്പുകളും എല്ലാം ഓരോ ജീവചരിത്രത്തിലും പ്രകടമാകുമ്പോള്‍ അതെത്രത്തോളം നീതി പുലര്‍ത്തുന്നുണ്ട്? ഇതായിരുന്നു ആദ്യ ചിന്ത.
എന്റെ അച്ഛനാകാന്‍ പ്രായമുള്ളപ്പോഴും നഗ്‌നത എന്ന വാക്കിനെ വെറും ലൈംഗികമായി മാത്രം കാണാന്‍ കഴിയുന്നവിധത്തിലുള്ള അശ്ലീലചിന്തയില്‍ നിന്ന് അയാള്‍ ഈ പ്രായത്തിലും മോചിപ്പിക്കപ്പെട്ടിട്ടില്ലല്ലോയെന്നതായിരുന്നു രണ്ടാമത്തെ ചിന്തയും വിഷമവും. പറഞ്ഞുവരുന്നത് അതല്ല അസ്സീസി പുണ്യവാനുമായിട്ടുള്ള എന്റെ ചാര്‍ച്ച ആഴത്തില്‍ തുടങ്ങിയതും വിശുദ്ധനെക്കുറിച്ച് വ്യത്യസ്തമായി ചിന്തിച്ചുതുടങ്ങിയതും അന്നു മുതല്ക്കായിരുന്നുവെന്നാണ്.
ഏതൊക്കെയോ പ്രത്യേകതകളുള്ള ഒരു വിശുദ്ധന്‍. സഹനവും ത്യാഗവും കരുണയും സ്‌നേഹവും പ്രാര്‍ത്ഥനയും എന്നെല്ലാമുള്ള വിശുദ്ധചേരുവകള്‍ക്ക് അപ്പുറം എന്തൊക്കെയോ ചേരുവകള്‍ കൂടി അടങ്ങിയിരിക്കുന്ന വിശുദ്ധ ജീവിതം. ശിവകാശി കലണ്ടറില്‍ കാണപ്പെടുന്നതുപോലെ വര്‍ണ്ണശമ്പളമായ നിറക്കൂട്ടിനപ്പുറം പരുപരുപ്പും വരണ്ടതുമായ ഒരു യാഥാര്‍ത്ഥ്യമാണ് ഫ്രാന്‍സിസെന്ന് എനിക്ക് തോന്നി.
അങ്ങനെയൊരു തോന്നലിന് പ്രേരിപ്പിച്ചത് കുട്ടികള്‍ക്കുവേണ്ടിയെഴുതിയ പുസ്തകത്തിലെ മറ്റെയാള്‍ വെട്ടിക്കളഞ്ഞ വരികള്‍ തന്നെയായിരുന്നു. ഒരാള്‍ സ്വമേധയാ പരസ്യമായി നഗ്‌നനാകുക. അതും മെത്രാനും അപ്പനും മുമ്പാകെ. അയാള്‍ അസാധാരണമായ ഒരു തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും നാളിതുവരെ അന്ന് വിശുദ്ധരുമായി അധികം അടുപ്പമൊന്നുമുണ്ടായിരുന്നില്ല, അരുവിത്തുറ വല്യച്ചന്‍, വിശുദ്ധയാകാത്ത അല്‍ഫോന്‍സാമ്മ എന്നിങ്ങനെ ഒരു കൈവിരലില്‍ ബാക്കിയാകുന്നത്ര വിശുദ്ധരൊഴികെ ശീലിച്ചുവന്നിരുന്ന മറ്റെല്ലാ വിശുദ്ധരില്‍ നിന്നും ഫ്രാന്‍സിസ് വ്യത്യസ്തനാണെന്നും ഞാന്‍ മനസ്സിലാക്കുകയായിരുന്നു. കാരണം സുബോധത്തോടെ രതിയുടെ സ്വകാര്യതയില്ലാതെ ഒരാള്‍ പരസ്യമായി നഗ്‌നരരാകാറില്ല, എന്നിട്ടും അങ്ങനെ അയാള്‍ ചെയ്തുവെങ്കില്‍ അതിലെന്തോ കാര്യമുണ്ട്.
അത് അയാളുടെ ജീവിതത്തിന്റെ സുതാര്യതയാണെന്ന് പിന്നീട് ഞാന്‍ കണ്ടെത്തി. മറച്ചുവയ്ക്കാനില്ലാത്തത്ര തെളിമയും ഒളിച്ചുവയ്ക്കാനില്ലാത്തത്ര സുതാര്യതയും ആ വ്യക്തിയിലുണ്ടായിരുന്നു. ആടകളോ ആഭരണങ്ങളോ കൊണ്ട് അയാള്‍ തന്നെ മറച്ചുവച്ചില്ല. ആ സത്യസന്ധത ഒരേ സമയം എന്നെ ആകര്‍ഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. എത്രയെത്ര ആടകള്‍ കൊണ്ടും ആഭരണങ്ങള്‍ കൊണ്ടുമാണ് ഇന്നും ജീവിക്കുന്നതെന്ന ആത്മനിന്ദ ഫ്രാന്‍സിസിനോട് ചേര്‍ന്ന് ചിന്തിക്കുമ്പോള്‍ എനിക്ക് കലശലായുണ്ട്. എന്റെ പരിമിതമായ അറിവില്‍ ഒരു വിശുദ്ധനും ഫ്രാന്‍സിസിനെ പോലെ ഇങ്ങനെ നഗ്‌നനായിട്ടില്ല.
എന്തിന് ആടകളുടെ ഭാരങ്ങളില്‍ നിന്നും കട്ടിലിന്റെ താങ്ങേകലില്‍ നിന്നും മോചിതനായി, നഗ്‌നനായി തറയില്‍ കിടന്നാണല്ലോ ഫ്രാന്‍സിസ് അന്ത്യനിദ്ര പ്രാപിച്ചതും? അതായിരുന്നു ഫ്രാന്‍സിസിന്റെ ധീരത. അതായിരുന്നു അയാളുടെ ജീവിതവും. അതായിരുന്നു അയാളുടെ സുതാര്യതയും. താന്‍ എന്താണോ അതായിത്തന്നെ ജീവിച്ചു. അയാള്‍ മറ്റുള്ളവരെ വെല്ലുവിളിച്ചില്ല, സ്വയം വെല്ലുവിളിക്കുകയല്ലാതെ.
വ്യക്തിപരമായി എനിക്ക് ഒരിക്കലും എത്തിച്ചേരാന്‍ കഴിയാത്ത ആത്മീയതയുടെ പേരാണ് ഫ്രാന്‍സിസ്. എന്നിട്ടും ഞാന്‍ ഫ്രാന്‍സിസിനെ അത്യധികമായി അഭിലഷിക്കുന്നു. തന്നെ ഒരിക്കല്‍പോലും ഗൗരവത്തിലെടുക്കാത്ത, സൗഹൃദങ്ങളില്‍ പാപത്തിന്റെ കറ പുരട്ടാത്ത, തന്നെ തന്നെ സ്വയം പരീക്ഷണവസ്തുവാക്കിമാറ്റിയ ഫ്രാന്‍സിസ്. മറ്റൊരു വിശുദ്ധനും എന്നെ ഇതുപോലെ കൊതിപ്പിച്ചിട്ടില്ല. മറ്റൊരു വിശുദ്ധനെയും ഞാന്‍ ഇതുപോലെ സ്‌നേഹിച്ചിട്ടില്ല.
പ്രാര്‍ത്ഥനകള്‍ക്കായി ജീവിതനിയോഗങ്ങള്‍ക്കായി ഞാന്‍ മുട്ടുകുത്തുന്ന പല വിശുദ്ധരുമുണ്ട്. പക്ഷേ ഞാന്‍ ഫ്രാന്‍സിസിനോട് ഒരിക്കല്‍ പോലും മാധ്യസ്ഥം യാചിച്ചിട്ടില്ല. എന്തോ അതിനപ്പുറം അവനെന്റെ തുണയും ഇണയുമാണെന്നാണ് എന്റെ തോന്നല്‍. എന്നെയും കാത്ത് ഏതോ ഒരു വഴിയുടെ അറ്റത്ത് അവന്‍ നില്ക്കുന്നതായി വിഷാദഭരിതവും ഏകാന്തവുമായ നിലാവുള്ള രാത്രികളില്‍ ഞാന്‍ വെറുതെ സങ്കല്പിച്ചിട്ടുണ്ട്. എന്നെ സ്‌നേഹിക്കുന്ന ഒരു നല്ല ചങ്ങാതിയായി.
ആദ്യസന്താനം ഉരുവാകുന്നു എന്നു സൂചന കിട്ടിയ നിമിഷത്തില്‍ തെല്ലും സംശയമുണ്ടായിരുന്നില്ല അവന്‍ ആണ്‍കുട്ടിയാണെന്ന്. അതുകൊണ്ടുതന്നെ ലോകത്തിലേക്കുംവച്ചേറ്റവും സൗന്ദര്യമുണ്ടെന്ന് ഞാന്‍ കരുതുന്ന ഒരു പേര് തന്നെ അവനെ ഉദരത്തിലായിരിക്കുമ്പോഴേ വിളിച്ചുതുടങ്ങിയിരുന്നു. ഫ്രാന്‍സിസ് ലിയോ. ചിലരൊക്കെ ചോദിച്ചിട്ടുണ്ട് ഫ്രാന്‍സിസിനെ മാത്രമാക്കാതെ ലിയോയെയും പേരിനൊപ്പം എന്തിനാണ് കൂട്ടിച്ചേര്‍ത്തതെന്ന്? കൃത്യമായ മറുപടി ഇപ്പോള്‍ വരുന്നില്ല. ഫ്രാന്‍സിസും ലിയോയും സൗഹൃദങ്ങളുടെ ശ്രീകോവിലില്‍ കത്തുന്ന രണ്ടു മെഴുതിരി വെട്ടങ്ങളായതുകൊണ്ടാണോ അറിയില്ല.
ലോകത്തെ ഒരു സ്ഥലവും കാണാന്‍ ഞാന്‍ ഇതുപോലെ ആഗ്രഹിച്ചിട്ടില്ല, അസ്സീസിയല്ലാതെ... വിശുദ്ധനാടുപോലും എന്നെ ആകര്‍ഷിച്ചിട്ടില്ല എന്നതാണ് എന്റെ കുമ്പസാരം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ തീര്‍ച്ചയായും അസ്സീസിയുണ്ട്.
ഫ്രാന്‍സിസ് നടന്ന വഴികള്‍... അവന്റെ പ്രലോഭനങ്ങളുടെ തീകെടുത്തിയ റോസച്ചെടികള്‍... അവന്‍ പണിതുയര്‍ത്തിയ ദേവാലയം... ഹോ അതൊരു വല്ലാത്ത നിമിഷമായിരിക്കും. മാനുഷികമായി നോക്കുമ്പോള്‍ എനിക്കത് അസാധ്യമാണെന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാന്‍ അതിനെ ഒരു വെല്ലുവിളി പോലെ ഫ്രാന്‍സിസിന് തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്. എനിക്ക് നിന്നോടുള്ള സ്‌നേഹം സത്യമാണെങ്കില്‍, നിനക്ക് എന്നെയും ഇഷ്ടമാണെങ്കില്‍ നീയെന്നെ അസ്സീസിയിലെത്തിക്കുക. അതാണ് ആ വെല്ലുവിളി. ഫ്രാന്‍സിസ്, നീ ആ വെല്ലുവിളി ഏറ്റെടുക്കുന്നുവോ? ഞാന്‍ കാത്തിരിക്കുന്നു നിന്റെ നഗരത്തിലെത്താന്‍.
Comments