top of page
atma books

August 19 : St. John Yudes : വിശുദ്ധ യൂഡ്‌സ് (1601-1680)

വിശുദ്ധ യൂഡ്‌സ് ഈശോയുടെ തിരുഹൃദയഭക്തിയുടെയും മാതാവിന്റെ വിമലഹൃദയഭക്തിയുടെയും പ്രചാരകനും രണ്ടു സന്യാസസഭകളുടെ സ്ഥാപകനുമാണ്. അദ്ദേഹം ഏ.ഡി. 1601- നവംബര്‍ 14-ന് ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ 'റീ' എന്ന സ്ഥലത്താണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു കര്‍ഷകനും ഭിഷഗ്വരമുമായിരുന്നു. നോര്‍മണ്ടി ഫ്രാന്‍സിന്റെ വടക്ക് പടിഞ്ഞാറ് സമുദ്രതീരത്തോടു ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഘോരമായ ആകാശയുദ്ധം നടന്ന സ്ഥലമാണ് നോര്‍മണ്ടി. ജോണ്‍ ബാല്യം മുതല്‍ അനാദൃശ്യമായ സ്‌നേഹവും ക്ഷമയും ദൈവഭക്തിയും ഉളളവനായിട്ടാണ് വളര്‍ന്നുവന്നത്. പ്രാഥമിക വിദ്യാഭ്യാസം ബ്ലാനറി എന്ന വൈദികന്റെ കീഴിലായിരുന്നു. പതിനാലാമത്തെ വയസ്സില്‍ ജോണ്‍ കോയിനിലെ ഈശോ സഭക്കാരുടെ കോളേജില്‍ ചേര്‍ന്നു പഠിച്ചു. കോളേജു വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചു വന്ന ജോണിനെ വിവാഹം കഴിപ്പിക്കാനാണ് മാതാപിതാക്കള്‍ ഇഷ്ടപ്പെട്ടത്. എന്നാല്‍ വൈദികനാകാനായിരുന്നു ജോണിന്റെ ആഗ്രഹം. അതുകൊണ്ട് ജോണ്‍ കര്‍ദ്ദിനാള്‍ ഡെബെറൂള്‍ സ്ഥാപിച്ച ഓററ്ററിയില്‍ ചേര്‍ന്ന് വൈദിക പഠനം തുടങ്ങി. 1625 ഡിസംബര്‍ 20-ാം തിയതി വൈദികനായി അഭിഷേകം സ്വീകരിച്ചു. 1631-ല്‍ നോര്‍മണ്ടിയിലും പരിസരങ്ങളിലും പടര്‍ന്നു പിടിച്ച പ്ലേഗിന്റെ പിടിയില്‍പെട്ട രോഗികളെ ശുശ്രൂഷിക്കാന്‍ ഫാദര്‍ ജോണ്‍ സാഹസികമായി പ്രവര്‍ത്തന നിരതനായി.


1632- മുതല്‍ ഇടവകകളില്‍ ധ്യാനപ്രസംഗങ്ങള്‍ അദ്ദേഹത്തിന്റെ പ്രധാന പ്രേഷിത പ്രവര്‍ത്തനം. പ്രധാനമായും നിത്യസത്യങ്ങളെക്കുറിച്ച് പ്രസംഗിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ ഓടിക്കൂടിയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗശൈലിയും അതിനുവേണ്ടി അദ്ദേഹം തിരഞ്ഞെടുത്ത വിഷയങ്ങളും ഫ്രാന്‍സിലെ ജനങ്ങളെ ഹഠാദാകര്‍ഷിച്ചു. വിന്‍സെന്റ് ഫെറെര്‍ കഴിഞ്ഞാല്‍ പിന്നെ ഫ്രാന്‍സിലെ ഏറ്റവും പ്രശസ്തനായ സുവിശേഷ പ്രഘോഷകനായിരുന്നു ജോണ്‍ യൂഡ്‌സ്. തുടര്‍ന്നു വന്ന 20 കൊല്ലം കൊണ്ട് 110 ധ്യാനങ്ങള്‍ അദ്ദേഹം നടത്തി. ഓരോ സമ്മേളനവും രണ്ടാഴ്ചയെങ്കിലും നീണ്ടു നിന്നിരുന്നു. ആയിരങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ സമ്മേളിച്ചിരുന്നു. പ്രസംഗപീഠങ്ങളില്‍ എല്ലാ പാപങ്ങളെയും വിട്ടുവീഴ്ചയില്ലാതെ കാര്‍ക്കശ്യത്തോടെ എതിര്‍ത്തിരുന്ന അദ്ദേഹം കുമ്പസാരത്തിനണയുന്ന പാപികളോട് അനുകമ്പയോടെയാണ് പെരുമാറിയിരുന്നത്.

വൈദികരുടെ ജീവിത നവീകരണത്തിന് സെമിനാരികള്‍ ആവശ്യമാണെന്ന് മനസ്സിലാക്കിയ ജോണിന് അവ സ്ഥാപിക്കാന്‍ ഓററ്ററിയില്‍ വേണ്ടത്ര സഹായം കിട്ടാതെ വന്നപ്പോള്‍ അദ്ദേഹം ഓററ്ററിയില്‍ നിന്ന് പിന്മാറി. പിന്നീടദ്ദേഹം ഈശോയുടെയും മറിയത്തിന്റെയും സഭയെന്ന ഒരു പുതിയ സന്യാസസഭ സ്ഥാപിച്ചു. വൈദികരുടെ ജീവിതനവീകരണവും വിശുദ്ധീകരണവുമായിരുന്നു പുതിയ സഭയുടെ ലക്ഷ്യം. കര്‍ദ്ദിനാള്‍ കച്ചിലിയോവിന്റെ അംഗീകാരത്തോടെ തുടങ്ങിയ ഈ സഭയില്‍ തുടക്കത്തിലെ അഞ്ചു വൈദികര്‍ അംഗങ്ങളായിരുന്നു.


ഇടവകധ്യാനങ്ങള്‍ക്കിടയില്‍ നിരവധി ലൈംഗിക തൊഴിലാളികളുടെ ദയനീയമായ സ്ഥിതി അദ്ദേഹത്തിനു ബോധ്യമായി. ഇങ്ങനെ അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി ജോണ്‍ യൂഡ്‌സ് ഒരു അഭയകേന്ദ്രം ആരംഭിച്ചു. ചില ഭക്തസ്ത്രീകളാണ് ആദ്യം ഈ സ്ഥാപനം നടത്തിക്കൊണ്ടിരുന്നത്. പിന്നീട് അതിന്റെ നടത്തിപ്പ് വിസിറ്റേഷന്‍ സഹോദരികളെ ഏല്പിച്ചു. എന്നാല്‍ അതും അത്ര തൃപ്തികരമായി ജോണിന് ബോധ്യപ്പെടാത്തതുകൊണ്ട് അദ്ദേഹം അഭയ മാതാവിന്റെ സഹോദരികളുടെ സഭ അദ്ദേഹം സ്വന്തമായി സ്ഥാപിച്ചു. ഈ സഭയില്‍ നിന്നാണ് നല്ലയിടയന്റെ (ഗുഡ് ഷെപ്പേര്‍ഡ്) സഭ ഉരുത്തിരിഞ്ഞുവന്നത്.

ജോണ്‍ യൂഡ്‌സ് നോര്‍മണ്ടിയില്‍ പല സെമിനാരികളും സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കി. അക്കാലത്ത് പ്രചരിച്ചിരുന്ന ജാന്‍സെനിസ്റ്റുകാര്‍ എന്ന അബദ്ധസിദ്ധാന്തക്കാരെ നേരിടുന്നതിന് ജോണിന്റെ സെമിനാരികള്‍ വളരെ സഹായകമായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ പ്രബലമായ ഒരു അബദ്ധസിന്ധാന്തമായിരുന്നു ജാന്‍സെനിസം. കൊര്‍ണേലിയൂസ് ജാന്‍സെന്‍ എന്ന ഡച്ച് ദൈവശാസ്ത്രജ്ഞനാണ് ഇതിന്റെ ഉപജ്ഞാതാവ്. മനുഷ്യന്റെ ജന്മ പാപത്തെയും മനുഷ്യന്റെ കഴിവില്ലായ്മയെയും ദൈവത്തിന്റെ മുന്‍വിധിയെയും അമിത പ്രാധാന്യത്തോടെയാണ് ജാന്‍സെനിസ്റ്റുകാര്‍ കണ്ടിരുന്നത്. ദൈവത്തിന്റെ കൃപാവരമില്ലാതെ ഒരു നന്മയും ചെയ്യാന്‍ മനുഷ്യന് കഴിയില്ലെന്ന് അവര്‍ വാദിച്ചിരുന്നു. രക്ഷയും ശിക്ഷയും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നുവെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. അതിനെതിരെ മനുഷ്യനോടുള്ള ദൈവത്തിന്റെ അനന്തകരുണയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള യഥാര്‍ത്ഥ പ്രബോധനമാണ്, ജോണ്‍ യൂഡ്‌സിന്റെ വൈദികര്‍ പ്രസംഗിച്ചിരുന്നത്.


അഭയമാതാവിന്റെ സഭയ്‌ക്കെതിരെ ജാന്‍സെനിസ്റ്റുകാര്‍ അപവാദങ്ങള്‍ പറഞ്ഞുപരത്തി. അതിന്റെ ഫലമായി ഫാദര്‍ ജോണ്‍ യൂഡ്‌സിന്റെ പ്രസംഗാനുവാദവും കുമ്പസാരാനുവാദവും അധികാരികള്‍ കുറെക്കാലത്തേയ്ക്ക് പിന്‍വലിച്ചു. എങ്കിലും 1666-ല്‍ ഈ സഭയ്ക്ക് അംഗീകാരം ലഭിച്ചു.


ഈശോയുടെ തിരുഹൃദയത്തോട് അഗാധമായ ഭക്തിയുണ്ടായിരുന്ന ജോണ്‍ യൂഡ്‌സ് ആരംഭിച്ചതാണ് ഈശോയുടെയും മറിയത്തിന്റെയും സ്‌നേഹമുള്ള ഹൃദയമേ, പരിശുദ്ധ ഹൃദയമേ എന്ന പ്രാര്‍ത്ഥനകള്‍. ഈശോയുടെ തിരുഹൃദയത്തെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ മര്‍ഗരീത്താ മേരി അലക്കോക്കിന് ലഭിച്ചത് 1675-ലാണ്. അതിനുമുമ്പ് മറിയത്തിന്റെ വിമലഹൃദയത്തിരുനാള്‍ 1648-ലും ഈശോയുടെ തിരുഹൃദയത്തിരുനാള്‍ 1678-ലും വി. ജോണ്‍ യൂഡ്‌സ് ആഘോഷിക്കുവാന്‍ തുടങ്ങിയിരുന്നു. ഇവയെല്ലാം ജാന്‍സെനിസത്തോടുള്ള ഒരു വെല്ലുവിളിയുമായിരുന്നു. അവര്‍ ദൈവത്തിന്റെ മുന്‍വിധിയിലാണ് അമിത പ്രാധാന്യത്തോടെ വിശ്വസിച്ചിരുന്നത്. 'പരിശുദ്ധാത്മാവിന്റെ വിസ്മയാവഹമായ ഹൃദയം' വി. ജോണ്‍ യൂഡ്‌സ് എഴുതിയ ഗ്രന്ഥമാണ്.

അത്യത്ഭുതാവഹമായ മാതാവിന്റെ വിമലഹൃദയസഖ്യം എന്ന സംഘടന വി. ജോണ്‍ യൂഡ്‌സ് സ്ഥാപിച്ച സന്യാസ പ്രസ്ഥാനത്തിന്റെ മൂന്നാം സഭയാണ്. അദ്ദേഹത്തിന്റെ ജീവിതം സഹന പൂര്‍ണ്ണമായിരുന്നു. സഭയ്ക്കുള്ളില്‍ നിന്നും പുറത്തുനിന്നും ധാരാളം എതിര്‍പ്പുകള്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നു. ദൈവസ്‌നേഹം സദാഹൃദയത്തില്‍ എരിഞ്ഞിരുന്ന വി. ജോണ്‍ യൂഡ്‌സ് 1680 ആഗസ്റ്റ് 19-ന് ദിവംഗതനായി. പത്താം പിയൂസ് മാര്‍പ്പാപ്പ 1909-ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയപ്പോള്‍, ഈശോയുടെയും മറിയത്തിന്റെയും ഭക്തിയുടെ അപ്പസ്‌തോലനായും പണ്ഡിതനായും അദ്ദേഹത്തെ പ്രഖ്യാപിക്കുകയുണ്ടായി. പതിനൊന്നാം പിയൂസ് പാപ്പ 1925- മെയ് 31-ന് അദ്ദേഹത്തെ വിശുദ്ധനായും പ്രഖ്യാപിച്ചു.


വിചിന്തനം: ഈശോയുടെ അരൂപിയും അവിടുത്തോടുള്ള ഭക്തിയും സ്‌നേഹവും നമ്മളില്‍ സജീവമായി വാഴുവാന്‍ വേണ്ടി ഈശോയെ നമ്മില്‍ രൂപപ്പെടുത്തലായിരിക്കണം നമ്മുടെ പ്രധാന ചുമതലയും ലക്ഷ്യവും ആഗ്രഹവും (വി. ജോണ്‍ യൂഡ്‌സ്).


മറ്റു വിശുദ്ധര്‍:-

1. തിമോത്തി (ഗാസായിലെ മെത്രാന്‍), തെക്‌ളാ, അഗാപ്പിയൂസ് ര.ര. (304-306) പലസ്തീനായിലെ രക്തസാക്ഷികള്‍.

2. ട്രെബ്യൂണ്‍ ആന്‍ഡ്രുവും കൂട്ടുകാരും ര.ര. + 303 കിലിക്കിയാ.

3. ബാഡുള്‍ഫൂസ് ലിയോണ്‍സ് മ.ബന. +850.

4. ബെര്‍ടുള്‍ഫൂസ് മ. +മ. 640 ബോച്ചിയോ.

5. കല്‍മീനിയൂസ് സ + 690 ഗോള്‍.

6. ക്രെഡാന്‍ മ. ബന ആബട്ട് + 780 എവെഷോം, മേഴ്‌സിയാ.

7. എമിലി വെര്‍സെല്ലി മാ. വെല്‍സെല്ലി.

2 views0 comments

Comments


bottom of page